Friday, January 27, 2017

സുല്‍താനുല്‍ ആരിഫീന്‍ ശൈഖ് അഹ്മദുൽ കബീറുരിഫാഈ (റ )

ആത്മീയ ലോകത്തെ സുൽത്താൻ, മുത്തുനബിയുടെ(സ്വ ) തങ്ങളുടെ  സുന്നത്തുകൾ സ്വഭാവമാക്കിയ, പകരം  വെക്കാൻ കഴിയാത്ത തേജസ്സ്.. അഹ്മദുല്‍ കബീര്‍ അര്‍രിഫാഈ(റ) ഹിജ്‌റാബ്ദം 500 റജബു മാസം 27ന് ജനിച്ചു. ഇറാഖിലെ ബത്വാഇഹ് എന്ന ഗ്രാമത്തില്‍. പ്രസിദ്ധ വലിയ്യും പണ്ഡിതനുമായ മന്‍സൂരിനില്‍ ബത്വാഇഹിയുടെ സഹോദരി ഫാത്വിമ(റ)യാണു ശൈഖു രിഫാഇ(റ)യുടെ മാതാവ്. നബി(സ) തങ്ങളുടെ പൗത്രന്‍ ഹുസൈനി(റ)ലേക്ക് പിതൃപരമ്പര സന്ധിക്കുന്നു. ഉമ്മ വഴിക്കു ഹസനി(റ)ലേക്കും എത്തിച്ചേരുന്നു. അബുല്‍ അബ്ബാസ് എന്നാണ് ഉപജ്ഞാനാമം.

ശൈഖു രിഫാഇ(റ)യുടെ മാതാവ് തന്റെ സഹോദരനായ മന്‍സൂരിനില്‍ ബത്വാഇഹിയുടെ ശൈഖായ അബൂ മുഹമ്മദിശ്ശന്‍ ബകിറയെ(റ) സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോഴൊക്കെ അദ്ദേഹം എഴുന്നേറ്റു നില്‍ക്കും. ഇതു പല പ്രാവശ്യം കണ്ട മുരീദുമാര്‍ എഴുന്നേറ്റു നില്‍ക്കുന്നതിന്റെ കാര്യം അന്വേഷിച്ചപ്പോള്‍ ശൈഖിന്റെ മറുപടി ഇങ്ങനെ: ”അവളുടെ വയറ്റിലുള്ള കുട്ടിയെ ആദരിച്ചുകൊണ്ടാണ് എഴുന്നേറ്റു നില്‍ക്കുന്നത്. ആ കുട്ടിക്ക് വലിയ പദവിയും കറാമത്തുകളും ഉണ്ടാകും.”
രിഫാഈ ശൈഖിനു ഏഴു വയസ്സുള്ളപ്പോള്‍ പിതാവ് അലിയ്യ്(റ) മരണപ്പെട്ടു. ശേഷം അമ്മാവന്‍ ശൈഖ് മന്‍സൂര്‍ കുടുംബത്തെ വാസ്വിതിലേക്ക് മാറ്റി താമസിപ്പിച്ചു! അവിടെ വെച്ചു പല ശൈഖുമാരില്‍നിന്നും ദീനീ വിജ്ഞാനം കരസ്ഥമാക്കി. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും ചെയ്തു
.
താജുല്‍ ആരിഫീന്റെ ശറഫുസ്സാഹിദീന്‍ അല്‍ഖുത്വുബുല്‍ ഗൗസ്, അല്‍കന്‍സു റബ്ബാനി തുടങ്ങി നിരവധി സ്ഥാനപ്പേരുകളോടുകൂടിയാണു പണ്ഡിതര്‍ ശൈഖു രിഫാഇ(റ)യെ പരിചയപ്പെടുത്താറുള്ളത്. ഉന്നതരായ ഒട്ടനവധി ഇമാമുകള്‍ ശൈഖു രിഫാഈ(റ)യുടെ മഹത്ത്വങ്ങള്‍ വിവരിച്ചു ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. ഇമാം റാഫിഈ(റ)യുടെ ‘സവാദുല്‍ ഐനയ്ന്‍’, ഇമാം കാസറൂനി(റ)യുടെ ‘ശിഫാഉല്‍ അസ്ഖാം’, ഇമാം അലിയ്യുബ്‌നു ഹദ്ദാദി(റ)ന്റെ ‘റബീഉല്‍ ആശികീന്‍’ എന്നിവ അവയില്‍ ചിലതുമാത്രം.
പരീക്ഷണം
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെല്ലാം നിരവധി പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. അതെല്ലാം ക്ഷമയോടെ നേരിട്ട് വിജയം കൈവരിച്ചവരാണവര്‍.ജീവികളോട് അങ്ങെ അറ്റം കാരുണ്യമുള്ളവരായിരുന്നു മഹാൻ.. ഒരിക്കൽ വുളുവെടുത്തു കൊണ്ടിരിക്കുമ്പോൾ അനങ്ങാതെ ഉയർത്തിയ കയ്യുമായി നിൽക്കുന്ന മഹാനോട് ഒരാൾ ചോദിച്ചു.. എന്താണ് അവിടുന്ന് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ " കൊതുകിനു അതിന്റെ ഭക്ഷണം അനുവദിച്ചുകൊടുക്കയാണെന്നാണ് മഹാൻ പറഞ്ഞത്..

അതുപോലെ മഹാൻ തന്റെ വീട്ടിൽ ഇബാദത്തിലായിരിക്കുമ്പോൾ ഒരു കള്ളൻ ചുമര് തുളച്ചുകൊണ്ടു അകത്തു കയറി ശേഷം ചാക്കിൽ വീട്ടിലെ സാധനങ്ങളൊക്കെ പൊറുക്കിയെടുത്തു കള്ളൻ വീടിനു പുറത്തുകടന്നു, എന്നാൽ ചാക്കിന്റെ വലിപ്പം കാരണം പുറത്തേക്കു എത്രവലിച്ചിട്ടും കിട്ടാതെ കള്ളൻ വിഷമിച്ചിരിക്കുമ്പോൾ വീടിന്റെ ഉള്ളിൽ നിന്നും ആരോ ചാക്ക് പുറത്തേക്കു തള്ളി കൊടുക്കുന്നു.. കള്ളൻ ചുമരിനുള്ളിലൂടെ നോക്കുമ്പോൾ ശൈഖവർകൾ നില്കുന്നു. മഹാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.. *താങ്കൾ ഭയപ്പെടേണ്ട.. ഇനിയും താങ്കൾക്കു ഇഷ്ടമുള്ളത് എന്താണ് ഈ വീട്ടിൽ ഉള്ളതെന്ന് വെച്ചാൽ അതും എടുത്തോളൂ.. കള്ളന് ആകെ വിഷമത്തിലായി.. ഇതെന്തൊരു മനുഷ്യൻ*. ഹൃദയ വിശാലതയുടെ, സൽസ്വഭാവത്തിന്റെ മൂർത്ത രൂപമായ ഈ മനുഷ്യൻ സാധാരണക്കാരനല്ല എന്ന് മനസ്സിലാക്കിയ അയാൾ ശൈഖിനോട് മാപ്പുപറയുകയും ശിഷ്ട ജീവിതം ഇബാദത്തിലാക്കി മാറ്റുകയും ചെയ്തു..  നമ്മുടെ കഥാപുരുഷന്റെ ചില പരീക്ഷണ ചരിത്രം ശ്രദ്ധിക്കുക.

ശൈഖു രിഫാഈ(റ)യുടെ ഒരു മുരീദ് സ്വര്‍ഗത്തിന്റെ ഉന്നത സ്ഥാനത്ത് രിഫാഈ(റ) ഇരിക്കുന്നത് പല പ്രാവശ്യം സ്വപ്നം കണ്ടു. ശൈഖിനോട് ഇക്കാര്യം മുരീദ് ഉണര്‍ത്തിയില്ല. ഒരു ദിവസം മുരീദ് ശൈഖു രിഫാഈ(റ)യുടെ വീട്ടില്‍ ചെന്നപ്പോള്‍ ദുസ്വഭാവിയായ ഭാര്യ അസത്യം പറയുകയും കയ്യിലുള്ള ചട്ടുകം കൊണ്ട് ശൈഖിന്റെ പിരടിക്ക് അടിക്കുകയും ചെയ്യുന്ന രംഗമാണ് മുരീദ് കണ്ടത്. 500 ദീനാര്‍ ആവശ്യപ്പെട്ടുകൊണ്ടാണു ഭാര്യയുടെ അക്രമം. മുരീദ് അഞ്ഞൂര്‍ ദീനാര്‍ സ്വരൂപിച്ച് ശൈഖു രിഫാഈ(റ)ക്കു കൊണ്ടുവന്ന് കൊടുത്തു പറഞ്ഞു: ”ഇതു ഭാര്യക്കു കൊടുക്കൂ.”
ശൈഖു തല്‍സമയം മുരീദിനോട് പറഞ്ഞു: ”ഞാനിതൊന്നും ക്ഷമിക്കുന്നില്ലെങ്കില്‍ എന്നെ നീ സ്വര്‍ഗ്ഗത്തിലെ ഉന്നത സ്ഥാനത്തു കാണുമോ?”

*കറാമത്തുകള്‍*
ശൈഖു രിഫാഈ(റ)യുടെ ധാരാളം കറാമത്തുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രസിദ്ധമാണ് നബി(സ)യുടെ കൈ ചുംബിച്ച ചരിത്രം. അതിങ്ങനെ വായിക്കാം: നബി(സ)യുടെ ഹുജ്‌റാ ശരീഫില്‍ സിയാറത്തിനു വന്ന ശൈഖു രിഫാഈ(റ) മുത്തുനബിയുടെ അഭിമുഖമായി നിന്നുകൊണ്ട് ഈ അര്‍ത്ഥത്തില്‍ രണ്ടുവരി കവിത ഉരുവിട്ടു: ”ഞാന്‍ അകലെയായിരിക്കെ എന്റെ ആത്മാവിനെ ഇവിടം മുത്തിമണക്കാന്‍ പറഞ്ഞയക്കാറുണ്ട്. എന്നാല്‍, ആത്മാവ് അതിന്റെ ജഡവുമായിട്ടു തന്നെയിതാ വന്നിരിക്കുന്നു. അതുകൊണ്ടു അങ്ങയുടെ വലതു കൈ ചുംബിച്ചു ഭാഗ്യം ലഭിക്കാന്‍ ഒന്നു നീട്ടിത്തരൂ.”
ഉടനെ അവിടത്തെ പുണ്യകരം വെളിവാകുകയും രിഫാഈ(റ) ചുംബിക്കുകയും ചെയ്തു.

മഷി ഉപയോഗിക്കാതെ മഹാനവര്‍കള്‍ എഴുതാറുണ്ടായിരുന്നു. വല്ല മന്ത്രവും ഉറുക്കും എഴുതിക്കൊടുക്കാന്‍ ആരെങ്കിലും വന്നാല്‍ മഷികൊണ്ടല്ലാതെ വിരല്‍ കൊണ്ടാണ് ശൈഖു രിഫാഈ (റ) എഴുതിക്കൊടുക്കുക. ഇങ്ങനെ എഴുതികിട്ടിയ ഒരാള്‍ കുറേ നാളുകള്‍ക്കു ശേഷം ആ കടലാസുമായി ശൈഖവര്‍കളെ സമീപിച്ചു എഴുതാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതു നോക്കി ഇതു എഴുതിയതാണല്ലോ എന്നു പറഞ്ഞു തിരിച്ചുകൊടുത്തു.

ഒട്ടനവധി ശിഷ്യന്മാര്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കെ, ഒരിക്കല്‍ ശൈഖു രിഫാഈ(റ) പറഞ്ഞു: ”ഉഹൈമിദുമിന്‍ഹും” (ചെറിയ അഹ്മദ് അക്കൂട്ടത്തിലാണ്). ഏതു ചെറിയ അഹ്മദ്, ഏതുകൂട്ടം എന്നറിയാതെ ശിഷ്യന്മാര്‍ അന്ധാളിച്ചു നിന്നപ്പോള്‍ ശൈഖ് പറഞ്ഞു: ”മക്കളേ ഈ സമയം അങ്ങകലെ ബഗ്ദാദില്‍ വെച്ച് ഇന്നു ജീവിച്ചിരിപ്പുള്ള എല്ലാ ഔലിയാക്കളുടെയും നേതാവ് താനാണെന്നു റബ്ബിന്റെ അനുമതിയോടുകൂടി ശൈഖു ജീലാനി(റ) പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ ഔലിയാക്കളും അതു അംഗീകരിക്കുകയും ചെയ്തു. അവരുടെ കൂട്ടത്തിലാണു ഈ ചെറിയ അഹ്മദായ ഞാനും. എല്ലാവരും എന്നെ അഹ്മദുല്‍ കബീര്‍ (വലിയ അഹ്മദ്) എന്നു വിളിക്കുന്നുണ്ടെങ്കിലും ഞാന്‍ ഉഹൈമിദ് (ചെറിയ അഹ്മദ്) ആണ്. ഞാനും മുഹിയിദ്ദീന്‍ ശൈഖിന്റെ കാലടിക്കു കീഴിലാണ്.”
പാണ്ഡിത്യം
ശൈഖുരിഫാഈ(റ) ശാഫിഈ മദ്ഹബ് അവലംബിച്ചവരായിരുന്നു. ഇമാം സീറാസി(റ)യുടെ ‘തന്‍ബീഹ്’ എന്ന ഗ്രന്ഥമാണ് തദ്‌വിഷയത്തില്‍ മഹാന്‍ പഠിപ്പിച്ചത്. ഇരുപത് വര്‍ഷംകൊണ്ടു പലവിധ വിജ്ഞാനങ്ങളിലും നിപുണനാവാന്‍ മഹാനു കഴിഞ്ഞു. ഇബ്‌നുല്‍ ജൗസി പറയുന്നു:”ഞാന്‍ ഒരു ബറാഅത്തു രാവില്‍ ശൈഖിന്റെ സന്നിധിയില്‍ പോയി.

ഏകദേശം ഒരു ലക്ഷം പേര്‍ അദ്ദേഹത്തിന്റെ ഉപദേശം കേള്‍ക്കാന്‍ അവിടെയുണ്ടായിരുന്നു.
വിനയത്തിന്റെയും താഴ്മയുടെയും പര്യായമായിരുന്നു ശൈഖവര്‍കള്‍. തന്നെ ആക്ഷേപിക്കുന്നവര്‍ ധാരാളം ഉണ്ടായിരുന്നു. അസഭ്യങ്ങള്‍ എത്ര പറഞ്ഞാലും ഒന്നിനും പ്രതികരിക്കുകയില്ല. പാരിതോഷികമായി അവര്‍ക്ക് വല്ല വസ്തുവും കൊടുത്തയക്കും. എവിടെയെങ്കിലും ഒരു രോഗിയുണ്ടെന്നറിഞ്ഞാല്‍ അവിടെ സന്ദര്‍ശിക്കാന്‍ പോകും. സ്വന്തം തലയില്‍ വിറക് ചുമന്ന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും.

കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളില്‍ ഒരാളോട് നീ ആരുടെ മകനാണെന്നു ചോദിച്ചതിന് അക്കാര്യം നിങ്ങളെന്തിനാണു അറിയുന്നതെന്നു തിരിച്ചു ചോദിച്ച കുട്ടിയോട് മോനേ, നീ എന്നെ അദബ് പഠിപ്പിച്ചു, നിനക്കല്ലാഹു നന്മ തരട്ടെയെന്നാണ് രിഫാഈ (റ) പ്രതികരിച്ചത്.
രിഫാഈ ത്വരീഖത്ത്
ഖാദിരീ ത്വരീഖത്തു പോലെത്തന്നെ സത്യമായ ത്വരീഖത്താണ് രിഫാഈ ത്വരീഖത്ത്. ശൈഖു രിഫാഈ(റ)യുടെ മുറബ്ബിയായ ശൈഖ് അലിയ്യുല്‍ ഖാരി(റ)യാണ്.

അദ്ദേഹത്തിന്റെ കാലത്തു തന്നെ ശൈഖു രിഫാഈ(റ)ക്കു ജനങ്ങളെ നേര്‍വഴിയിലേക്കു ക്ഷണിക്കാനുള്ള ഇജാസത്തും നടപ്പുള്ള സ്ഥാനവസ്ത്രവും നല്‍കിയിരുന്നു. ഇപ്രകാരം തന്നെ തന്റെ അമ്മാവന്‍ ശൈഖ് മന്‍സൂരില്‍ നിന്നും ലഭിച്ചു. അവരുടെയെല്ലാം സില്‍സില പ്രമുഖരായ മശാഇഖ് വഴി അലിയ്യുബ്‌നു അബീത്വാലിബി(റ)ലേക്കാണ് സന്ധിക്കുന്നത്. രിഫാഈ ത്വരീഖത്തിന്റെ ശൈഖുമാര്‍ ഇന്നും ഈ ത്വരീഖത്ത് സംരക്ഷിച്ചുപോരുന്നു.
അന്ത്യയാത്ര
നീണ്ട എഴുപതു വര്‍ഷത്തെ ജീവിതത്തിലൂടെ ഇസ്‌ലാമിന്റെ അന്തസ്സിനും തേജസ്സിനും വേണ്ടി കഠിനാധ്വാനം ചെയ്ത് നിരവധി പേര്‍ക്കു നേരിന്റെ വഴി കാണിച്ചുകൊടുത്ത ധാരാളം മുരീദുകളെ തസ്വവ്വുഫിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശൈഖ് രിഫാഇ(റ) ഹിജ്‌റ 570 ജുമാദുല്‍ ഊലാ 12 ഉച്ച സമയത്ത് ശഹാദത്തു കലിമ ഉച്ചരിച്ചുകൊണ്ടു ഭൗതിക ലോകത്തോടു വിടപറഞ്ഞു. സ്വദേശമായ ഉമ്മു അബീദയില്‍ വെച്ചായിരുന്നു മഹാനവർകളുടെ വഫാത് *മഹാന്റെമയ്യിത്ത് കൊണ്ടുപോകുന്ന സമയത്തു ഒരു കൂട്ടം പച്ചനിറത്തിലുള്ള പക്ഷികൾ മയ്യിത്തിന്റെ ഇരുവശങ്ങളിലുമായി പൊതിഞ്ഞിരുന്നു.. ഈ കാഴ്ച കണ്ടമാത്രയിൽ തന്നെ നൂറുകണക്കിനാളുകൾ ഇസ്ലാം സ്വീകരിച്ചു*
വിശ്വമഹാ പ്രപഞ്ചമാകെ വെളിച്ചം വിതറിയ ആ മഹാ തേജസ്സ് അങ്ങനെ അല്ലാഹുവിന്റെ തിരു  സന്നിധിയിലേക്ക് യാത്രയായി.
*മുത്തുനബി (സ്വ )തങ്ങൾ പറഞ്ഞിട്ടുണ്ട്  *നീ  ആരെയാണ് സ്നേഹിച്ചത് നാളെ ആഖിറത്തിൽ അവരോടു കൂടെയായിരിക്കും*

അല്ലാഹുവിന്നു വേണ്ടി മാത്രം ജീവിച്ച ആ പുണ്യാത്മാവിനെ നമുക്കും ഒരുപാട് സ്നേഹിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ?.
ശൈഖ് രിഫാഈ (റ ) വിന്റെ  ഹഖ്‌ -ജാഹ് ബര്കത് കൊണ്ട് അല്ലാഹു നമ്മെ നന്നാക്കുകയും ഈമാൻ കാമിലായി മരിക്കാനുള്ള ഭാഗ്യവും നൽകട്ടെ...  

Monday, January 23, 2017

അകത്ത്-പുറത്ത്


തവക്കുലിൻറെ അഹ്ലുകാരിൽ പെട്ട ഒരു മഹാൻറെ മേലിൽ ഹാറൂൻ റഷീദ് രാജാവ് ഒരു ശിക്ഷ വിധിക്കാനിടയായി, പക്ഷേ ശിക്ഷ നടപ്പിലാക്കാൻ രാജാവിനായില്ല.! അപ്പോൾ രാജാവ് ആ മഹാനെ ജയിലിലടക്കാൻ കൽപിച്ചു.! പിന്നീട് പറഞ്ഞ് കേട്ടു : അദ്ദേഹം ജയിലിൽ നിന്ന് പുറത്തെത്തി ഒരു വ്യക്തിയുടെ തോട്ടത്തിൽ നിൽപുണ്ട്.!
രാജാവ് അദ്ദേഹത്തെ വീണ്ടും വിളിച്ചു വരുത്തിയിട്ട് ചോദിച്ചു : ആരാണ് ജയിലിൽ നിന്ന് താങ്കളെ പുറത്തെത്തിച്ചത്.?
അദ്ദേഹം പറഞ്ഞു : "ജയിലിനകത്തെത്തിച്ചവൻ തന്നെയാണ് ജയിലിൻറെ പുറത്തുമെത്തിച്ചത്.!"
രാജാവ് ചോദിച്ചു : "ആരാണ് അകത്തെത്തിച്ചത്.?"
മഹാൻ പറഞ്ഞു : "അത്തെത്തിച്ചവൻ തന്നെ"
(അല്ലാഹുവിനെയാണ് മഹാൻ ഉദ്ദേഷിക്കുന്നത്, അല്ലാഹുവാണല്ലോ യഥാർത്ഥത്തിൽ അകത്താക്കുന്നതും പുറത്താക്കുന്നതും)
ഇതോടെ രാജാവ് മഹാനവർകളെ പ്രത്യേകമായൊരു കുതിരപ്പുറത്ത് കയറ്റുകയും അദ്ദേഹത്തിൻറെ പിന്നിൽ നടന്ന് "ഹാറൂൻ റഷീദ് നിന്ദിക്കാൻ തീരുമാനിച്ചപ്പോഴും അല്ലാഹു ആദരിക്കാൻ തീരുമാനിച്ച അടിമയുടെ പ്രതിഫലമാണിത്" എന്ന് വിളിച്ചു പറയാൻ ഒരാളെ ചുമതലപ്പെടുത്തുകയും ചൈതു.! രാജാവ് പാടി :
റഹ്മാൻ ഒരു അടിമയെ അവൻറെ പ്രതാപം കൊണ്ട് ആദരിച്ചാൽ-
പിന്നെ ഒരു സൃഷ്ടിക്കും ഒരു നാളിലും ആ അടിമയെ ഇകഴത്താനാവില്ല
പ്രതാപിയായ യചമാനൻ വല്ലവനെയും ഇകഴത്തിയാൽ-
അവനെ പ്രതാപം നൽകി സഹായിക്കാൻ ഒരു നാളിലും ഒരാൾക്കുമാവില്ല.!!!

Wednesday, January 18, 2017

ഒറ്റയ്ക്ക് നമ്മളൊരു തുള്ളിയാണെങ്കില്‍ ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു സമുദ്രമാണ് !

ഒരു കമ്പനി തങ്ങളുടെ തൊഴിലാളികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഒരു സെമിനാറാണ് വേദി.

അവതാരകന്‍ പത്തു പേരെ വോളന്‍റിയര്‍മാരായി സ്റ്റെജിലേക്ക് ക്ഷണിച്ചു.

പത്തു പേരുടെ കയ്യിലും ഓരോ ബലൂണുകള്‍ നല്‍കി -"എല്ലാവരും അവരവര്‍ക്കു കിട്ടിയ ബലൂണ്‍ ഊതിവീര്‍പ്പിച്ച ശേഷം നന്നായി കെട്ടുക."

ശേഷം എല്ലാവര്‍ക്കും ഓരോ ടൂത്ത് പിക്കുകള്‍ നല്‍കപ്പെട്ടു.

"ഇപ്പോള്‍ നിങ്ങളുടെ ഒരു കയ്യില്‍ ബലൂണും മറുകയ്യില്‍ ടൂത്ത്പിക്കുമുണ്ട്. നിങ്ങളുടെ പക്കല്‍ അഞ്ചു മിനിറ്റ് സമയമുണ്ട്, അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ ആരുടെ പക്കലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് - അവരായിരിക്കും വിജയി. ത്രീ, ടു, വണ്‍ - നിങ്ങളുടെ സമയം ഇതാ ആരംഭിക്കുന്നു"

അവതാരകന്‍റെ വിസില്‍ മുഴങ്ങിയതും വോളന്‍റിയര്‍മാര്‍ ഓരോരുത്തരും സ്വന്തം ബലൂണുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിച്ചു കൊണ്ട് തൊട്ടടുത്തു നില്‍ക്കുന്നയാളിന്‍റെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാനുള്ള ശ്രമം തുടങ്ങി. ബലൂണുകള്‍ പൊട്ടുന്ന ശബ്ദം ഹാളില്‍ മുഴങ്ങിത്തുടങ്ങി. സ്വന്തം ബലൂണ്‍ പൊട്ടിയവര്‍ കൂട്ടം ചേര്‍ന്ന് ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ച് അവരുടെ ബലൂണുകളും കുത്തിപ്പൊട്ടിച്ചു. ഒരു മിനിട്ടിനുള്ളില്‍ എല്ലാവരുടെയും കയ്യിലെ ബലൂണുകള്‍ പൊട്ടിത്തീര്‍ന്നു.

"ആരുടെയെങ്കിലും കയ്യില്‍ ബലൂണ്‍ പൊട്ടാതെ അവശേഷിച്ചിട്ടുണ്ടോ ?" പരിശീലകന്‍ ചോദിച്ചു.

"ഇല്ല" എല്ലാവരും ഒരേസ്വരത്തില്‍ മറുപടി പറഞ്ഞു.

"മത്സരം തുടങ്ങും മുന്‍പ് ഞാനെന്താണ് പറഞ്ഞത് ?" പരിശീലകന്‍ അവരെ നോക്കി ചോദിച്ചു.

"അഞ്ചു മിനിറ്റ് കയ്യിലുള്ള ബലൂണ്‍ പൊട്ടാതെ സൂക്ഷിക്കുന്നവര്‍ വിജയിക്കും" അവര്‍ പറഞ്ഞു.

"മറ്റുള്ളവരുടെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നോ ?"

"ഇല്ല"

"നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലേ ?"

"ഉണ്ടായിരുന്നു"

"എങ്ങനെ ?"

"ആരും പരസ്പരം ബലൂണുകള്‍ കുത്തിപ്പൊട്ടിക്കാതിരുന്നെങ്കില്‍"

"അതേ, ആരും ആരുടെയും ബലൂണുകള്‍ കുത്തിപ്പോട്ടിക്കാന്‍ ശ്രമിക്കാതിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാമായിരുന്നു."

ഒന്നു നിര്‍ത്തിയശേഷം പരിശീലകന്‍  തുടര്‍ന്നു "വിജയിക്കുവാനായി മറ്റൊരാളെ പരായപ്പെടുത്തണമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. വിജയിക്കുവാനായി മറ്റൊരാള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തണമെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. എന്നിട്ടും നിങ്ങള്‍ പരസ്പരം ബലൂണുകള്‍ പൊട്ടിച്ചു. നമ്മുടെ മനശാസ്ത്രം അങ്ങനെയാണ്. ജയിക്കണോ, ആരെയെങ്കിലുമൊക്കെ തോല്‍പ്പിക്കണം. ആരുടെ കയ്യിലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് അവര്‍ വിജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഓരോരുത്തരും അവരവരുടെ കയ്യിലെ ടൂത്ത്പിക്കുകള്‍ ഉപയോഗിച്ച് മറ്റേയാളുടെ കയ്യിലെ ബലൂണ്‍ പൊട്ടിച്ചു. ബലൂണ്‍ പൊട്ടിയവര്‍ ഒത്തു ചേര്‍ന്ന് പൊട്ടാത്ത ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ചു. ഇതുതന്നെയല്ലേ വീടുകളില്‍ നടക്കുന്നത്. ജോലിസ്ഥലങ്ങളിളിലും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിയിലും, രാജ്യങ്ങള്‍ക്കിടയിലും നടക്കുന്നത് ?"

"മറ്റുള്ളവരെ പരായപ്പെടുത്തുവാനുള്ള മത്സരത്തില്‍ ആരെങ്കിലും വിജയിക്കുന്നുണ്ടോ ? ഇല്ല, നമ്മളെല്ലാവരും ഒരുമിച്ചു പരാജയപ്പെടുന്നു. മറ്റു പാര്‍ട്ടികളെ കീഴ്പ്പെടുത്തുവാനുള്ള വ്യഗ്രതയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യത്തെയൊന്നാകെ പരാജയപ്പെടുത്തുന്നു."

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു. "നിങ്ങളെല്ലാവരും ഈയൊരു സത്യം മനസ്സിലാക്കണം -

ഒറ്റയ്ക്ക് നമ്മളൊരു തുള്ളിയാണെങ്കില്‍ ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു സമുദ്രമാണ് !

ഒറ്റക്ക് നമ്മളൊരു ദുര്‍ബലമായ നൂലാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മള്‍ മനോഹരമായൊരു പരവതാനിയാണ് !

ഒറ്റക്ക് നമ്മളൊരു കടലാസാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു പുസ്തകമാണ് !

ഒറ്റക്ക് നമ്മളൊരു  കല്ലാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളീ ഭൂമിയാണ് !

പരസ്പരം തോല്‍പ്പിക്കാന്‍ ശ്രമിക്കാതെ ഒറ്റക്കെട്ടായി നിന്നാല്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാം !!"

സദസ്സ് ഒന്നടങ്കം ഹര്‍ഷാരവം മുഴക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തി.

Sunday, January 15, 2017

ഇമാം ഗസ്സാലി നല്‍കുന്ന ഉപദേശങ്ങൾ

ആധുനിക യുഗത്തിൻ മുസ്ലിം തത്ത്വചിന്തകന്മാരുടെ അമരക്കാരനായ ഇമാം ഗസ്സാലി (റ) യെ കൃതജ്ഞതയോടും ബഹുമാനത്തോടും കൂടിയല്ലാതെ സ്മരിക്കാൻ സാദ്യമല്ല.

ഇമാം ഗസ്സാലി(റ)യുടെ അന്ത്യനിമിഷത്തില്‍ ഉപദേശം ചോദിച്ച ശിഷ്യനോട്‌ അദ്ദേഹം ഇത്രമാത്രമാണ്‌ പറഞ്ഞത്‌:

*`എപ്പോഴും ആത്മാര്‍ഥത വേണം.''*
ഇമാമിന്റെ ജീവിത സന്ദേശമായ ഈ ഉപദേശം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം പ്രതിഫല ലോകത്തേക്ക്‌ യാത്രയായത്‌.

 *ഇമാമിന്റെ ഓരോ ഉപദേശവും ഓരോ ഗ്രന്ഥങ്ങളാകാന്‍ മാത്രം ഉള്ളടക്കമുള്ള തത്വങ്ങളാണ്‌.* *കാല്‍വഴികളില്‍ കെടാവിളക്കായി വെളിച്ചം പകരേണ്ട താക്കീതുകള്‍*

 ഉപദേശം അഭ്യര്‍ഥിച്ച്‌ കത്തെഴുതിയ തന്റെ ഒരു പ്രിയശിഷ്യന്‌ അദ്ദേഹം അയച്ചുകൊടുത്ത്‌ മറുപടി അയ്യുഹല്‍ വലദ്‌ എന്ന പേരില്‍ ചെറിയൊരു പുസ്‌തകമായി പുറത്തുവന്നിട്ടുണ്ട്‌.

അനേകം ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥത്തില്‍ ഇമാമിന്റെ മഹാഗ്രന്ഥങ്ങളിലെ സന്ദേശങ്ങള്‍ സംഗ്രഹിച്ചിട്ടുണ്ട്‌.
അവയില്‍ ചിലതിങ്ങനെ:

*``കുഞ്ഞേ, അല്ലാഹു നിന്നെ ഇഷ്‌ടദാസനായി സ്വീകരിച്ച്‌ ദീര്‍ഘകാലം ജീവിപ്പിക്കട്ടെ നിന്നെ ഉപദേശിക്കാന്‍ എന്നോട്‌ ആവശ്യപ്പെട്ടല്ലോ. അല്ലാഹുവിന്റെ റസൂലില്‍ നിന്നാണ്‌ ഉപദേശം സ്വീകരിക്കേണ്ടത്‌.*

അല്ലാഹുവിന്റെ റസൂല്‍ സമുദായത്തിന്‌ നല്‌കിയ ഒരു ഉപദേശമിതാണ്‌:
*ഒരാള്‍ അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെട്ട്‌ സമയം കളയുന്നുവെന്നത്‌ അയാളോട്‌ അല്ലാഹു കോപിച്ചിരിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്‌.*

മനുഷ്യന്‍ ഏതൊരു ലക്ഷ്യത്തിനായി സൃഷ്‌ടിക്കപ്പെടുന്നുവോ, അതിനു വേണ്ടിയല്ലാതെ ജീവിച്ചാല്‍ *പിന്നീടയാള്‍ ഏറെ ദു:ഖിക്കേണ്ടി വരും.*


ഉപദേശം എളുപ്പമാണ്‌ കുഞ്ഞേ. അതിനൊത്ത്‌ ജീവിക്കലാണ്‌ പ്രയാസം. തന്നിഷ്‌ടത്തിന്നനുസരിച്ച്‌ ജീവിക്കുന്നവര്‍ക്ക്‌ ഉപദേശം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയില്ല.
*പാടില്ലാത്ത കാര്യങ്ങള്‍ മനസ്സിന്‌ ഇഷ്‌ടമായിരിക്കും.* പ്രത്യേകിച്ച്‌ ദേഹേച്ഛക്ക്‌ മുന്‍ഗണന നല്‌കുകയും *ദുന്‍യാവിന്റെ പകിട്ടുകളിലും അലങ്കാരങ്ങളിലും വ്യാപൃതരാവുകയും ചെയ്യുന്നവര്‍ക്ക്‌.*

ഇബാദത്തുകളെ നീ സൂക്ഷിക്കണം. ഇബാദത്തുകള്‍ കുറവായാല്‍ രക്ഷപ്പെടാന്‍ കഴിയില്ല.
അല്ലാഹുവിനെ അനുസരിച്ചും ഇബാദത്തുകള്‍ ചെയ്‌തും പ്രതിഫലം നേടാനുള്ള ഒരവസരവും നീ നഷ്‌ടപ്പെടുത്തരുത്‌.

അല്ലാഹുവുമായുള്ള രഹസ്യസംസാരത്തിനും ഇബാദത്തുകളുടെ മാധുര്യം നുകരാനുള്ള അവസരങ്ങളും നഷ്‌ടമാക്കരുത്‌. കര്‍മങ്ങളാണ്‌ പ്രധാനം.

നൂറു വര്‍ഷം വിജ്ഞാനം നേടിയതു കൊണ്ടോ ആയിരക്കണക്കിന്‌ ഗ്രന്ഥങ്ങള്‍ ശേഖരിച്ചതു കൊണ്ടോ അല്ലാഹുവിന്റെ കാരുണ്യത്തിന്‌ അര്‍ഹനാവുകയില്ല. സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരോടൊപ്പമാണ്‌ അല്ലാഹുവിന്റെ കാരുണ്യം.

*പ്രവര്‍ത്തിച്ചാലേ ഫലം ലഭിക്കൂ.*
`ദേഹേച്ഛയെ കീഴടക്കുകയും മരണാനന്തര ജീവിതത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്‌ ബുദ്ധിയുള്ളവര്‍.

 *ദേഹേച്ഛയ്‌ക്കു കീഴടങ്ങുകയും അല്ലാഹുവിനെപ്പറ്റി വ്യാമോഹങ്ങള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുന്നവര്‍ വിഡ്‌ഢി'കളുമാണെന്ന്‌* റസൂല്‍(സ) അരുളിയിട്ടുണ്ടല്ലോ.

പാഠങ്ങള്‍ ആവര്‍ത്തിച്ചു പഠിക്കാനും ഗ്രന്ഥങ്ങള്‍ വായിക്കാനും എത്ര രാവുകളാണ്‌ നീ ഉറക്കം നഷ്‌ടപ്പെടുത്തിയത്‌!?

എന്തിനാണിത്ര പഠിച്ചത്‌? ഈ ചെറിയ ജീവിതത്തിന്റെ സുഖങ്ങള്‍ക്കു വേയണ്ടിയോ? ആഡംബരങ്ങളും അലങ്കാരങ്ങളും നേടാനോ? പണവും പദവിയും സമ്പാദ്യമാക്കാനോ?


എങ്കില്‍ മഹാകഷ്‌ടം!തിന്മകള്‍ ആഗ്രഹിക്കുന്ന മനസ്സിനെ കീഴൊതുക്കാനും നിന്റെ സംസ്‌കാരം മികച്ചതാക്കാനും അല്ലാഹുവിന്റെ പ്രീതി കൈവരിക്കാനും നിന്റെ അറിവുകൊണ്ട്‌ നിനക്ക്‌ സാധിക്കണം.

ആത്മാവിന്റെ കാര്യത്തിലായിരിക്കണം നീ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌.! *മരണം സംഭവിക്കുമെന്ന ഓര്‍മ നിന്നോടൊപ്പം എപ്പോഴുമുണ്ടാകട്ടെ.*

ഖബ്‌റാണ്‌ നിന്റെ *വീട്‌* നിന്നെയും കാത്തിരിക്കുന്ന *ഖബ്‌റിനെക്കുറിച്ച ഓര്‍മ നിന്നില്‍ നിന്ന്‌ വിട്ടൊഴിയാതിരിക്കണം*.

തഹജ്ജുദ്‌ നിന്റെ ശീലമാകട്ടെ.
രാത്രിയുടെ അന്ത്യ യാമങ്ങളില്‍ പാപമോചനം ചെയ്യുന്നവരെ അല്ലാഹുവിന്‌ ഒരുപാടിഷ്‌ടമാണെന്ന്‌ റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്‌.

തഹജ്ജുദിലൂടെ പരിശുദ്ധിപ്പെടേണ്ട സമയത്ത്‌ അലസന്മാരെപ്പോലെ നീ ഉറങ്ങരുത്‌.
*അധികമായി സംസാരിക്കുന്ന നാവും അശ്രദ്ധയും ലൈംഗിക മോഹം നിറഞ്ഞ മനസ്സും ദൗര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്‌*

കടുത്ത ആത്മപരിശീലനം കൊണ്ട്‌ മനോമോഹങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ നിന്റെ അറിവുകളൊന്നും നിനക്ക്‌ ഉപകാരപ്പെടില്ല;
*നിന്റെ ഹൃദയത്തില്‍ പ്രകാശമുണ്ടാവില്ല*

*വൈജ്ഞാനികമല്ലാത്ത തര്‍ക്കങ്ങള്‍ക്ക്‌ നീ പോവരുത്‌.*
 മറ്റുള്ളവരോട്‌ പറയാനുദ്ദേശിക്കുന്ന കാര്യം ആദ്യം നിര്‍വഹിക്കുന്നത്‌ നീ തന്നെയായിരിക്കണം. ഭരണാധികാരികളില്‍ നിന്നും അംഗീകാരങ്ങളില്‍ നിന്നും അകന്നു ജീവിക്കണം.

 മറ്റുള്ളവര്‍ നിന്നോട്‌ എങ്ങനെ പെരുമാറുന്നതാണോ നിനക്കിഷ്‌ടം,
 അതുപോലെ നീ അവരോട്‌ പെരുമാറണം. അല്ലാഹുവിനോട്‌ ഇങ്ങനെ പ്രാര്‍ഥിക്കുക:

*അല്ലാഹുവേ, ഞങ്ങള്‍ക്ക്‌ സമ്പൂര്‍ണാരോഗ്യവും സുരക്ഷയും വ്യാപകമായ കാരുണ്യവും ആരോഗ്യവും സുഖജീവിതവും സൗഭാഗ്യവുമുള്ള ആയുസ്സും ക്ഷേമവും അരുളേണമേ.*
*ഞങ്ങളുടെ ജീവിതാവസാനം സൗഭാഗ്യത്തോടെയാവേണമേ. സ്ഥിരമായ ആരോഗ്യവും എപ്പോഴും നിന്റെ കാരുണ്യവും നല്‌കേണമേ.*

വായിച്ചു കഴിഞ്ഞാൽ മഹാന് വേണ്ടി *ഒരു ഫാതിഹ ഓതി ഹദിയ ചെയ്യുക*..
മഹത് വചനങ്ങൾ ജീവിതത്തിൽ പകർത്തുക ..അള്ളാഹു നമുക്ക് തൗഫീഖ് നല്കട്ടെ ആമീൻ

ഇമാം മഹ്ദി (റ) യുടെ ആഗമനം

ഇമാം മഹ്ദി (റ)
. . . . . . . .
ഹിജ്റയുടെ പതിനൊന്നാം വര്‍ഷം റബിഉല്‍ അവ്വല്‍ മാസം നബി തങ്ങള്‍ രോഗശയ്യയിലാണ് . തങ്ങളുടെ എല്ലാമെല്ലാമായ നേതാവിനെ കാണാന്‍ സ്വഹാബികള്‍ നബി തങ്ങളുടെ അടുക്കലേക്ക് ചെന്നു .

ദുഃഖം തളം കെട്ടി കിടക്കുന്ന അന്തരീക്ഷം . ആരും ഒന്നും മിണ്ടുന്നില്ല . എങ്ങും കനത്ത നിശ്ലബ്ദത . പലരും കണ്ണുനീര്‍ വാര്‍ക്കുന്നു .ചിലര്‍ ദുഃഖം കടിച്ചിറക്കാന്‍ പാടുപെടുന്നു .അതിനിടയിലാണ് ഫാത്വിമ ബീവി കടന്ന് വന്നത് .ബീവിയുടെ മുഖം വിവര്‍ണമാണ് .മഹതി നേരെ ഉപ്പാന്‍റടുക്കലേക്ക് വന്നിരുന്നു .കണണുകളില്‍ നിന്ന് അശ്രുകണങ്ങള്‍ കവിളിലൂടെ ചാലിട്ടൊഴുകി . നബി തങ്ങള്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ ഫാത്വിമ ബീവി കരയുകയാണ് .

അവിടന്ന് ചോദിച്ചു : ഫാത്വിമാ!എന്തിനാണ് കരയുന്നത് ?

അങ്ങേയ്ക്ക് ശേഷം എനിക്കാരാണുളളത് ?

നബി (സ) സമാധാനിപ്പിച്ചു : മോളേ , ഫാത്വിമാ . . . നീ എന്തിന് കരയണം ? ഓര്‍ത്ത് നോക്കിയാല്‍ വലിയ ഭാഗ്യവതിയല്ലേ നീ ? നബിമാരുടെ നേതാവ് അന്ത്യപ്രവാചകന്‍ നിന്‍റെ ഉപ്പയാണ് . അളളാഹുവിന്‍റെ സ്നേഹം കരഗതമാക്കിയ വ്യക്തിയാണ് നിന്‍റെ ഭര്‍ത്താവ് അലി(റ) . സ്വര്‍ഗീയ യുവാക്കളുടെ നേതാക്കളാണ് നിന്‍റെ രണ്ട് മക്കള്‍ ഹസന്‍ ,ഹുസൈന്‍ (റ) എന്നിവര്‍ . എല്ലാറ്റിനും പുറമേ മോളേ ! ഫാത്വിമാ ലോകം അവസാനിക്കാറാകുമ്പോള്‍ , ലോകത്ത് അനീതിയും അരാചകത്വവും കുഴപ്പങ്ങളും അരങ്ങ് തകര്‍ക്കുമ്പോള്‍ , എല്ലാ കുഴപ്പങ്ങളും അമര്‍ച്ച ചെയ്ത് ലോകത്തെ സമാധാന തീരത്തേക്ക് നയിക്കാനും അധര്‍മത്തിന്‍റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി ഭൂമിയില്‍ നീതി പൂര്‍വമായ ഭരണം നടത്താനും ഓരാള്‍ വരാനിരിക്കുന്നു . നിന്‍റെ സന്താന പരമ്പരയിലായിരിക്കും അദ്ധേഹം ജന്മമെടുക്കുക .

തിരുനബി (സ) തങ്ങള്‍ പ്രിയ പുത്രി ഫാത്വിമ ബീവിയോട് സന്തോഷവാര്‍ത്തയറിയിച്ച , അവസാന കാലത്ത് വരാനിരിക്കുന്ന ,സയ്യിദ് കുടുംബാംഗമായ മഹാനാണ് ഇമാം മഹ്ദി (റ)

മഹ്ദി ഇമാമിന്‍റെ യഥാര്‍ത്ഥ പേര് മുഹമ്മദ് എന്നും . പിതാവിന്‍റെ പേര് അബ്ദുളള എന്നുമായിരിക്കും .

ഇമാമിന് മഹ്ദി എന്ന പേര് പറയപ്പെടുന്നതിന് ഒന്നിലധികം വിശദീകരണങ്ങള്‍ പറഞ്ഞിട്ടുണ്ട് . സത്യമാര്‍ഗം കണ്ടെത്തിയ വ്യക്തി , സന്മാര്‍ഗത്തിന് കാരണക്കാരനായി വര്‍ത്തിക്കുന്നവന്‍ , മാര്‍ഗ നിര്‍ദേശം ലഭിക്കപ്പെട്ടയാള്‍ എന്നൊക്കെയാണ് മഹ്ദി എന്ന അറബി പദത്തിനര്‍ത്ഥം .

ഖതാദ (റ) നിവേദനം .

ഒരിക്കല്‍ ഞാന്‍ എന്‍റെ ഗുരുവര്യനും പ്രമുഖ താബിഈ പണ്ഡിതനുമായ ഹസ്റത്ത് സ ഈദുബ്നുല്‍മുസയ്യബ് (റ) വിനോട് ചോദിച്ചു .

മഹ്ദി സത്യമാണോ ?

അതെ സത്യമാണ് .

ആരില്‍ നിന്നായിരിക്കും അദ്ധേഹം പ്രത്യക്ഷപ്പെടുക ?

ഖുറൈശില്‍ നിന്ന് .

ഖുറൈശികളിലെ ഏത് വംശത്തില്‍ നിന്നായിരിക്കും ?

ബനു ഹാശിമില്‍ നിന്ന് .

ബനു ഹാശിമില്‍ ആരുടെ
പരമ്പരയില്‍ ?

അബ്ദുല്‍ മുത്തലിബിന്‍റെ മക്കളില്‍ നിന്ന് .

അബ്ദുല്‍ മുത്തലിബിന്‍റെ ഏത് മക്കളില്‍ നിന്ന് ?

അലി (റ) വിന്‍റെയും ഫാത്വിമ ബീവിയുടെയും മക്കളില്‍ നിന്ന് .

ഫാത്വിമയുടെ ഏത് മക്കളില്‍ നിന്ന് ?

ഇനി ചോദ്യം നിര്‍ത്തുക . ഇപ്പോഴിത്രയും മതി .

ഫാത്വിമ ബീവിയുടെ മക്കളില്‍ ഹസന്‍ (റ) സന്താന പരമ്പരയിലായിരിക്കും ഇമാം മഹ്ദി പ്രത്യക്ഷപ്പെടുകയെന്നാണ് പ്രബലാഭിപ്രായം .

അശ്മശ് (റ) നിവേദനം : ഒരിക്കല്‍ അലി (റ) തന്‍റെ പുത്രനായ ഹസന്‍ (റ) വിനെ നോക്കി പറഞ്ഞു : എന്‍റെ ഈ പുത്രന്‍ നബി (സ) തങ്ങള്‍ പറഞ്ഞതുപോലെ നേതാവാണ് .ഇദ്ധേഹത്തിന്‍റെ മുതുകില്‍ നിന്ന് നബി തങ്ങളുടെ അതേ പേരുളള ഒരാള്‍ പിറക്കാനിരിക്കുന്നു . ഭൂതലം മുഴുവന്‍ നീതി നിറയ്ക്കാനായി നിയോഗിക്കപ്പെട്ട വ്യക്തിയാണദ്ധേഹം

തിരിച്ചറിയാനുളള അടയാളങ്ങള്‍ .

മഹ്ദി ഇമാം രംഗപ്രവേശം ചെയ്താല്‍ മഹാനെ തിരിച്ചറിയാനുളള നിരവധി അടയാളങ്ങളും ലക്ഷണങ്ങളും നബി (സ) തങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട് .

സ്വഭാവത്തില്‍ നബി (സ) തങ്ങളോട് സാദ്യശ്യമുണ്ടാവും .എങ്കിലും രൂപത്തിലോ മുഖഃഛായയിലോ നബി തങ്ങളോട് സാദ്യശ്യമുണ്ടാകില്ലെന്നാണ് ഇമാം അബൂ ദാവൂദ് (റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം .

നബി തങ്ങളോളം വരില്ലെങ്കിലും സുന്ദരനായ ചെറുപ്പകാരനായിട്ടാണ് ഇമാം മഹ്ദി പ്രത്യക്ഷപ്പെടുക . ശാന്തതയും ഗാംഭീര്യതയും ആ മുഖത്ത് നിന്ന് പ്രസരിക്കും .

ഹാരിസുബ്നു മുഗീറ (റ) പറയുന്നു : ഞാന്‍ അബ്ദിളളാഹ്ബ്നു ഹുസൈന്‍ (റ) വിനോട് ചോദിച്ചു .

മഹ്ദി ഇമാമിനെ തിരിച്ചറിയുന്നതെങ്ങനെയായിരിക്കും ?

ശാന്തതയും ഗാംഭീര്യവും കൊണ്ട് .

മറ്റെന്തെങ്കിലും അടയാളങ്ങളുണ്ടോ ?

ഉണ്ട് . ദീനിന്‍റെ വിധിവിലക്കുകള്‍ ക്യത്യമായി അറിയുന്ന നല്ലൊരു പണ്ഡിതനായിരിക്കും .ജനങ്ങളെല്ലാം അദ്ധേഹത്തെ ആശ്രയിക്കും . അദ്ധേഹമാകട്ടെ , ആരെയും ആശ്രയിക്കില്ല .

മഹ്ദി ഇമാമിന്‍റെ വിശേഷണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അലിയാര് തങ്ങള്‍ പറഞ്ഞതിങ്ങനെയാണ് .

ഒത്ത ഉയരമുളള സുന്ദരനായൊരു ചെറുപ്പക്കാരന്‍ , തലമുടി ചുമല്‍ വരെ എത്തിയിട്ടിട്ടുണ്ടാവും . മുഖത്ത് നിന്ന് വഴിഞ്ഞൊഴുകുന്ന പ്രകാശം താടി രോമങ്ങളുടെയും തലമുടിയുടെയും കടുത്ത കറുപ്പിനെ അതിജയിക്കും .

ചെറുപ്പകാരനായ മഹ്ദി ഇമാം നിയുക്തനായാല്‍ അദ്ധേഹത്തെ അംഗീകരിക്കാന്‍ ജനങ്ങളില്‍ ചിലര്‍ ആദ്യമാദ്യം വൈമനസ്യം കാണിക്കുന്നതാണ് . കാരണം ജനങ്ങള്‍ വിചാരിക്കുന്നത് മഹ്ദി ഇമാം ഒരു വയോവ്യദ്ധനെന്നായിരിക്കും .

തിളങ്ങുന്ന നക്ഷത്രം പോലെയായിരിക്കും ഇമാം മഹ്ദിയുടെ മുഖം . നബി തങ്ങള്‍ പറയുന്നു : എന്‍റെ സന്താന പരമ്പരയിലാണ് മഹ്ദി ഇമാം വരിക . അദ്ധേഹത്തിന്‍റെ മുഖം നക്ഷത്രം പോലെയായിരിക്കും (അബൂ നുഐം )

വിശാലമായ നെറ്റിത്തടം , ഉയര്‍ന്ന മൂക്ക് ,അറബികളുടേത് പോലെ വര്‍ണം , ഇസ്റാഈല്യരുടേത് പോലുളള ശരീര പ്രക്യതി . മുന്‍പല്ലുകള്‍ക്കിടയില്‍ അല്‍പം വിടവ് , ആ വിടവിനിടയിലൂടെ പ്രകാശം പൊഴിയുന്നതായി കാണാം . വില്ല് പോലെ വളഞ്ഞ നീണ്ട പുരികങ്ങള്‍ , പുരികങ്ങള്‍ക്കിടയില്‍ അല്‍പം അകലം , അഥവാ കൂട്ടു പുരികമല്ല .വിശാലമായ കണ്ണുകള്‍ , ഇടതൂര്‍ന്ന് നില്‍ക്കുന്ന ശക്തമായ കറുപ്പുളള താടിരോമങ്ങള്‍ . ഇരു കണ്ണുകളിലും സുറുമയിട്ടിരിക്കും . വലത്തെ കവിളില്‍ ഒരു കറുപ്പ് പുളളി .തടിച്ച വയര്‍ .മെലിഞ്ഞ മാംസമില്ലാത്ത തുടകള്‍, വലത് തുടയില്‍ ഒരു കറുത്ത അടയാളം , ചുമലില്‍ നബി തങ്ങളുടെ "ഖത് മുന്നുബുവ്വത്"മുദ്ര പോലെ ഒരടയാളമുണ്ടാവും . ഖത്വാന്‍ എന്ന ദേശത്ത് നിര്‍മിക്കുന്ന രണ്ട് കോട്ടുകള്‍ ധരിച്ചിട്ടുണ്ടാവും . ഇതൊക്കെയാണ് മഹ്ദി ഇമാമിന്‍റെ ശരീരപ്രക്യതിയെന്ന് ഹദീസുകള്‍ സൂചിപ്പിക്കുന്നു . ഇമാം മഹ്ദി മദീനയില്‍ ജനിക്കും ബൈത്തുല്‍മുഖദ്ധസിലേക്ക് ഹിജ്റ പോകും .

മഹ്ദി ഇമാം പ്രത്യക്ഷപ്പെടുന്നതെപ്പോള്‍ .

നബി (സ) തങ്ങള്‍ പറയുന്നു : എനിക്ക് ശേഷം ഭരണം നടത്തുക ഖലീഫമാരായിരിക്കും .പിന്നീട് അമീറുമാര്‍ രംഗത്ത് വരും .പിന്നീട് ധിക്കാരികളും അഹങ്കാരികളുമായ ഒരു പറ്റം രാജക്കന്മാര്‍ ഭരണം ഏറ്റെടുകും . അതെല്ലാം കഴിഞ്ഞ ശേഷം എന്‍റെ കുടുംബത്തില്‍ നിന്ന് ഇമാം മഹ്ദി പ്രത്യക്ഷപ്പെടും . (ത്വബ്റാനി)

ഇമാം ഇബ്നു ഉമര്‍ (റ)പറയുന്നു : നബി തങ്ങള്‍ പറഞ്ഞതായി ഞാന്‍ കേട്ടു . എന്‍റെ സന്താനങ്ങളില്‍ നിന്ന് ഇമാം മഹ്ദി പുറപ്പെടുന്നത് വരെ ലോകം അവസാനിക്കുകയില്ല . താന്‍ പ്രവാചകനാണെന്ന അവകാശ വാദമുന്നയിക്കുന്ന അറുപത് വ്യാജന്മാര്‍ രംഗത്ത് വന്ന ശേഷമല്ലാതെ ഇമാം മഹദി പ്രത്യക്ഷപ്പെടുകയുമില്ല .(ഹാഫിള് അബു നുഐം )

നബി തങ്ങള്‍ പറയുന്നു : അവസാനകാലത്ത് എന്‍റെ സമുദായത്തിന് ഭരണാധികാരികളില്‍ നിന്ന് ശക്തമായ വിപത്തുകള്‍ വന്ന് ഭവിക്കും . ഇത് വരെ ആരും കേള്‍ക്കുക പോലും ചെയ്യാത്ത കൊടിയ പരീക്ഷണത്തിന് മുസ്ലിംകള്‍ വിധേയരാകും . വിശാലമായ ഭൂമി വളരെ ഇടുങ്ങിയതായി അവര്‍ക്കന്ന് അനുഭവപ്പെടും . അക്രമികളില്‍ നിന്ന് വിശ്വാസികള്‍ക്ക് അഭയം നല്‍കാന്‍ ആ നാളുകളില്‍ ആരുമുണ്ടാവില്ല . അങ്ങനെയൊരു സാഹചര്യം വരുമ്പോഴാണ് ഇമാം മഹ്ദി പ്രത്യക്ഷപ്പെടുക . (ഹാകിം)

ശാമില്‍ നിന്നാണ് അന്ത്യനാളിലെ കുഴപ്പങ്ങളെല്ലാം പുറപ്പെടുക . സജ്ജനങ്ങള്‍ അന്ന് കഠിന പരീക്ഷണങ്ങള്‍ക്ക് വിധേയരാകും .പക്ഷേ , സ്വര്‍ണം അഗ്നിയിലിട്ട് ചൂടാക്കുന്നതുപോലെ അന്നവരുടെ വിശ്വാസത്തിന് മാറ്റ് വര്‍ദ്ധിക്കുകയാണ് ചെയ്യുക .

സ ഈദുബ്നുല്‍മുസയ്യബ് (റ) പറയുന്നു :അന്ത്യനാളെടുക്കുമ്പോള്‍ , ശാമില്‍ വലിയ കുഴപ്പങ്ങളുണ്ടാകും . കുട്ടിക്കളി പോലെയായിരിക്കും അതിന്‍റെ പ്രാരംഭം . പിന്നീടത് അതിവേഗം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കും . ഒരു സ്ഥലത്ത് കുഴപ്പം അടങ്ങുമ്പോഴേക്ക് മറ്റൊരു വശത്ത് കുഴപ്പങ്ങള്‍ പടര്‍ന്നുപിടിക്കും . അതങ്ങ് തീര്‍ന്ന് കിട്ടുകയില്ല , മഹ്ദി ഇമാം വന്ന ശേഷമല്ലാതെ !

മഹ്ദി ഇമാം പുറപ്പെടുന്നതിന്‍റെ മുന്നോടിയായി പറയപ്പെട്ട മൂന്ന് പ്രധാന സംഭവങ്ങള്‍ .

1 അബ്ബാസി ഖിലാഫത്ത് അവസാനിക്കുക .

2 സുഫ്യാനി പുറപ്പെടുക .

3 വലിയൊരു വിഭാഗമാളുകള്‍ മരുഭൂമിയില്‍ ആഴ്ത്തപ്പെടുക .

അബൂഖബീല്‍ (റ) നിവേദനം : അലി (റ) പറയുന്നു അബ്ബാസിന്‍റെ സന്താന പരമ്പരയില്‍ അധികാരമുളളിടത്തോളം കാലം ജനങ്ങള്‍ ക്ഷേമത്തിലും സന്തോഷത്തിലുമായിരിക്കും . അവരുടെ ഭരണം അവസാനിച്ചാലോ , പിന്നീട് മുസ്ലിംകള്‍ കുഴപ്പത്തിലാകും . ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നത് വരെ അത് തുടരുകയും ചെയ്യും . (കിതാബുല്‍ഫിതന്‍)

ഇമാം മഹ്ദിയുടെ ആഗമനത്തിന് തൊട്ടുമുമ്പായി തിരു നബി കുടുംബം കൊടിയ പീഡനങ്ങള്‍ക്ക് വിധേയരാവും . നബി കുടുംബത്തിലെ ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാത്ത കാലമായിരിക്കും അത് . അക്കാലത്താണ് നബി കുടുംബത്തിന്‍റെ രക്ഷകന്‍ കൂടിയായി ഇമാം മഹ്ദി രംഗത്തുവരിക

യതാർത്ഥ വിശ്വാസികളുടെ കൂട്ടത്തിൽ നമമളെ എല്ലാവരേയും ഉൾപെടുത്തട്ടെ ആമീൻ

വാഗൺ ട്രാജഡി ഒരു ഓർമക്കുറിപ്പ്

വാഗണ് ട്രാജഡി ദുരന്തത്തിൽ  നിന്നും മഹാഭാഗ്യം കൊണ്ട് രക്ഷപ്പെട്ട പരേതനായ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോള അഹമ്മദ് ഹാജിയുടെ വാക്കുകൾ....വായിക്കൂ...

  👇 👇 👇 👇 👇 👇 👇 👇 👇 👇 👇 👇
“നവംബർ  നാലാം തിയ്യതി എന്നെയും ജ്യേഷ്ടൻ യൂസഫിനെയും ഇംഗ്ലീഷ് പോലിസ് പിടിച്ചു കൊണ്ട് പോയി.

മൂത്ത ഇക്കാക്ക മൊയ്ദീൻ കുട്ടി ഖിലാഫത്ത് സെക്രട്ടറി ആയിരുന്നതിനാൽ  അറസ്റ്റു ചെയ്യുമെന്ന് എല്ലാവരും കരുതിയിരുന്നു.

എന്നാൽ , ഞങ്ങളെ പിടിക്കുമെന്ന് വിചാരിച്ചിരുന്നില്ല.

എം.എസ്.പി ക്യാമ്പിലായിരുന്നു ആദ്യം കൊണ്ടു പോയത്.

ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത പുലാമന്തോള്‍പാലം പൊളിച്ചുവെന്നതായിരുന്നു കുറ്റം.

 ദിവസത്തിൽ ഒരു നേരം ഉപ്പിടാത്ത ചോറാണ് തന്നിരുന്നത്.
ഇടയ്ക്കിടെ ബൈണറ്റ് മുനകള്‍ കൊണ്ട് പട്ടാളക്കാര്‍ മർദ്ദിക്കും .

അങ്ങനെ ഹേഗ് ബാരക്കില്‍ ഒരാഴ്ച കഴിഞ്ഞു.
നവംബർ  20നു രാവിലെ നാലുപേരെ വീതം കൂട്ടിക്കെട്ടി.

കഴുത വണ്ടിയും കാളവണ്ടിയും തയ്യാറായി നിന്നിരുന്നു.

പട്ടാളം ആയുധങ്ങളുമായി ഇവയിൽ കയറി. ഓരോ വണ്ടിക്കും ഇടവിട്ട് ഞങ്ങളെ നിർത്തി

വണ്ടികൾ ഓട്ടം തുടങ്ങി.

പിന്നാലെ ഞങ്ങളും. കിതച്ചും ചുമച്ചും കൊണ്ടുള്ള നെട്ടോട്ടം.

വേഗത കുറഞ്ഞാൽ പട്ടാളക്കാർ ബൈണറ്റ് കൊണ്ട് ആഞ്ഞടിക്കും. കുത്തും. ശരീരത്തിൽ  മുറിവുകൾ .

കുന്നും കുഴിയും മലയും വയലും താണ്ടി തിരൂരെത്തി. എല്ലാവരെയും പ്ളാറ്റ് ഫോമിലിരുത്തി. ഞങ്ങൾ  ഇരിക്കുകയല്ല. വീഴുകയായിരുന്നു. പലരും തളർന്ന്  ഉറങ്ങിപ്പോയി. ഒരു സിഗരറ്റ് ടിന്നില് നാല് വറ്റ് ചോറാണ് ആ ദിവസം ആകെ തിന്നാൻ  തന്നത്.

വൈകുന്നേരം ഏഴുമണിയോടെ പടിഞ്ഞാറ് നിന്നും ഒരു വണ്ടി വന്നു. അതില്‍ ഞങ്ങളെ തലക്കാണിയില് (തലയണ) പഞ്ഞിനിറക്കുന്നത് പോലെ കുത്തി കയറ്റി.

നൂറു പേര് കയറിയപ്പോഴേക്കും വാതില്‍ അടച്ചു. ഇത്രയും പേര് ഉൾക്കൊള്ളാനുള്ള സ്ഥലം അതിലുണ്ടായിരുന്നില്ല. ഒറ്റക്കാലില്‍ മേൽക്കുമേൽ നിലം തൊടാതെ ഞങ്ങൾ നിന്നു.

ശ്വാസംമുട്ടാൻ തുടങ്ങി. ദാഹം സഹിക്ക വയ്യാതെ തൊണ്ട പൊട്ടുമാറ് ആർത്തുവിളിച്ചു. ഞങ്ങൾ വാഗണ് ഭിത്തിയില് ആഞ്ഞടിച്ചു.

മൂത്രമൊഴിച്ചു വലിച്ചു കുടിച്ചു ദാഹം തീർത്തു . അന്യോന്യം മാന്തിപറിക്കാനും കടിച്ചു പറിക്കാനും തുടങ്ങി. രക്തം നക്കി കുടിച്ചു.

ഞാനും ഇക്കാക്കയും ചെന്ന് വീണത് വാഗണിന്റെ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ഭാഗ്യ സ്വർഗത്തിലായിരുന്നു. ഈ ദ്വാരത്തില് മാറി മാറി മൂക്ക് വെച്ച് ഞങ്ങള്‍ പ്രാണൻ പോകാതെ പിടിച്ചു നിന്നു.

എന്നിട്ടും കുറെ കഴിഞ്ഞപ്പോൾ ബോധം നഷ്ടപ്പെട്ടു.

രാവിലെ നാല് മണിക്കാണ് വണ്ടി തമിഴ്നാട്ടിലെ പോത്തന്നൂരിൽ എത്തിയത്. ബെല്ലാരി ജയിലിലേക്കായിരുന്നു ഞങ്ങളെ കൊണ്ട് പോയിരുന്നത്.

പോത്തന്നൂരിൽ  നിന്നും ആ പാപികൾ വാതിൽ  തുറന്നു. മുറിക്കുള്ളിൽ  കണ്ട ആ ഭീകര ദൃശ്യം ആ ബ്രിട്ടീഷ് പിശാചുക്കളെ പോലും ഞെട്ടിച്ചു.

അറുപത്തിനാല് പേരാണ് കണ്ണ് തുറിച്ചു ഒരു മുഴം നാക്ക് നീട്ടി മരിച്ചു കിടന്നത്. അറുപതു മാപ്പിളമാരും നാല് തിയ്യന്മാരും.

മത്തി വറ്റിച്ചത് പോലെ ആയിരുന്നു ആ ദൃശ്യം.

വണ്ടിയിലേക്ക് വെള്ളമടിച്ചു. ജീവന് അവശേഷിക്കുന്നവർ  പിടഞ്ഞെഴുന്നേറ്റു. അവരെ കോയമ്പത്തൂർ  ആശുപത്രിയിൽ  എത്തിച്ചു. അതിനു മുമ്പേ എട്ടു പേർ കൂടി മരിച്ചിരുന്നു.

മരിച്ചവരെ ഏറ്റെടുക്കാൻ  പോത്തന്നൂർ സ്റ്റേഷൻ  മാസ്റ്റർ  തയ്യാറായില്ല. അതിനാൽ  അവരെ തിരൂരിലേക്ക് തന്നെ മടക്കി കൊണ്ട് വന്നു കോരങ്ങത്തു ജുമാ മസ്ജിദ് ഖബറസ്ഥാനിയിൽ മറവുചെയ്തു.

കൂടെയുണ്ടായിരുന്ന തിയ്യന്മാരായ നാലുപേരെ മുത്തൂരിലും സംസ്കരിച്ചു.”

വാഗണ് ട്രാജഡി ദുരന്തത്തിൽ  നിന്നും മഹാഭാഗ്യം കൊണ്ട് രക്ഷപ്പെട്ട പരേതനായ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോള അഹമ്മദ് ഹാജിയുടെ വാക്കുകൾ

പിറന്ന നാടിൻറെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ നൽകേണ്ടി വന്ന മാപ്പിള മക്കൾ...!

ഇന്ന പലരും ചരിത്രം തിരുത്തി എഴുതുന്ന തിരക്കിലാണ്.

ആ തിരുത്തെഴുത്തിൽ
ഈ രക്തസാക്ഷികൾ ഒരിക്കൽ കൂടി ചവിട്ടി മെതിക്കപ്പെട്ടേക്കാം...

ചരിത്രത്തിന്റെ താളുകളിൽ നിന്നും ഈ മാപ്പിള മക്കളെ എന്നെന്നേക്കുമായി കുഴിച്ചു മൂടിയേക്കാം .... !!!
അതിനു മുന്പ് ഇവിടെയെങ്കിലുമിത്  അടയാളപ്പെടുത്തട്ടെ... !

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ വാഗണ്‍ ദുരന്തത്തിന്  95  ആണ്ടുകൾ പിന്നിടുമ്പോൾ....
കപട ദേശ ഭക്തരായവർ കലണ്ടറുകൾ കത്തിച്ചു കളഞ്ഞാലൊന്നും ചരിത്രം ചാരമാവില്ല എന്ന ഓ്ർമ്മപ്പെടുത്താനായി ഇത് പുതു തലമുറയിലേക്ക് പകർന്നു നൽകേണ്ടിയിരിക്കുന്നു...

ജയ്‌ ഹിന്ദ്‌ .

Saturday, January 14, 2017

മുറുക്കിപ്പിടിച്ച കൈ നിവർത്തൂ.......

ബ്രസീലിലെ ആദിവാസികള്‍ കുരങ്ങനെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം കെണിയുണ്ട്.

തേങ്ങയേക്കാൾ കുറച്ചു കൂടി വലിപ്പമുള്ള ഒരു തരം കായയിൽ ഒരു ചെറിയ ദ്വാരം ഇട്ട് ഉളളിൽ ഉളളതെല്ലാം തുരന്നു പൊളളയാക്കി, അതില്‍ കുറെ അണ്ടിപരിപ്പ് പോലുളള ഭക്ഷണ സാധനങ്ങൾ നിറയ്ക്കും.
നല്ല മണം ഉണ്ടാവാൻ വേണ്ടി തീയിൽ ചുട്ട് എടുത്തവ ആയിരിക്കും അവ.  അതിനു ശേഷം അത് ഏതെങ്കിലും മരത്തിന്‍റെ  കടഭാഗത്തായി കെട്ടി വയ്ക്കുകയോ, തടിയിൽ മരകുറ്റി വച്ച് ഉറപ്പിക്കുകയോ ചെയ്യൂം.

ആളനക്കം ഇല്ലാതാവുമ്പോൾ കുരങ്ങൻ മണം പിടിച്ചു വന്ന്തീറ്റയ്ക്ക് വേണ്ടി ആ ചെറിയ ദ്വാരത്തിലൂടെ കൈ കടത്തും. ഉളളിൽ കിടക്കുന്ന തീറ്റ എല്ലാം കൂടി കയ്യിൽ വാരി കഴിഞ്ഞാൽ കൈ തിരിച്ചു എടുക്കാൻ പറ്റാത്ത അവസ്ഥ ആവും. കയ്യിൽ ഇരിക്കുന്ന തീറ്റകൾ കളഞ്ഞിട്ട് ഈസിയായി കൈ പുറത്തെടുക്കാം, പക്ഷെ അത്രയും പ്രിയപ്പെട്ട തീറ്റ നഷ്ടപ്പെടുത്താൻ കുരങ്ങൻ തയ്യാറാവില്ല.  കൈ ചുരുട്ടി പിടിച്ചു കൊണ്ട് തന്നെ പുറത്തേയ്ക്ക് വലിച്ചു കൊണ്ടിരിക്കും.  പക്ഷെ കയ്യിൽ ഉളള സാധനങ്ങൾ കളയാതെ കുരങ്ങന് സ്വന്തം കൈ കിട്ടുകയുമില്ല.  അതാണ്‌ മര്‍ക്കടമുഷ്ടി..!!

കുരങ്ങൻ വന്നു ദ്വാരത്തിൽ കൈ കടത്തിയാൽ കുരങ്ങൻ അകപ്പെട്ടു എന്ന് ആദിവാസികള്‍ക്ക് അറിയാം...
അവര്‍  ഒരു വടിയുമായി വന്ന് അതിനെ തല്ലി കൊല്ലും. തലക്ക് അടികൊണ്ട് ചാവുന്നതിന്‍റെ തൊട്ടു മുന്‍പുളള ആ ഒരു നിമിഷം എങ്കിലും സ്വന്തം കയ്യിലുളള ആ പ്രിയപ്പെട്ട സാധനങ്ങൾ ഉപേക്ഷിക്കുവാൻ കുരങ്ങൻ തയ്യാറായിരുന്നെങ്കിൽ, അതുകൊല്ലപ്പെടുകയില്ലായിരുന്നു.!!

പാവം...! മണ്ടൻ കുരങ്ങൻ അല്ലേ... ???

ആ കുരങ്ങനെക്കാൾ വലിയ മണ്ടന്മാരാണ് നമ്മൾ..!!

നശ്വരമായ ഈ ലോകത്തിന്‍റെ ദ്വാരത്തിൽ കയ്യിട്ട്,  പലതും ചുരുട്ടി പിടിച്ചിരിക്കുകയാണ്. നമ്മുടെ സമ്പത്ത്, ദുരഭിമാനം, കുടുംബമഹിമ, വിദ്വേഷങ്ങൾ, ജാതിമത ചിന്തകള്‍ അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ...!

തലയ്ക്കു അടി കൊളളുമ്പോള്‍ നമ്മളും ദൈവത്തെ വിളിക്കുന്നുണ്ട്. പക്ഷെ നമ്മുടെ ചുരുട്ടിപിടിച്ച കൈ നിവർത്താൻ നമ്മള്‍ തയ്യാറാവാത്തിടത്തോളം കാലം, എത്ര ഉറക്കെ ദൈവത്തെ വിളിച്ചു കരഞ്ഞാലും
കാര്യമില്ല.  സ്വന്തം ജീവനെ പോലും ആവശ്യാനുസരണം പിടിച്ചുനിറുത്താനോ, ഒരു നിമിഷത്തെ പോലും നിയന്ത്രിക്കാനോ കഴിയാത്ത നിസ്സാരൻമാരാ‍യ നമ്മള്‍, നമ്മുടെ കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന പലതും വിട്ടുകളയാൻ തയ്യാറാകയില്ല.

ഒരു പ്രശ്നം ഉണ്ടാവുമ്പോൾ സ്വന്തം കൈ നിവർത്താതെ ദൈവത്തെ വിളിച്ചു കരഞ്ഞിട്ട് പിന്നീട് കുറ്റപ്പെടുത്താൻ തയ്യാറാവുന്ന നമ്മള്‍ അല്ലേ ശരിക്കും വിഡ്ഢികൾ..????